മോഡർന വാക്സിന്റെ സൗദിയിലെത്തിയ എല്ലാ ബാച്ചുകളുടെയും സുരക്ഷ സംബന്ധിച്ച് SFDA സ്ഥിരീകരണം നൽകി

GCC News

മോഡർന COVID-19 വാക്സിന്റെ രാജ്യത്തെത്തിയ എല്ലാ ബാച്ചുകളുടെയും സുരക്ഷ സംബന്ധിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) സ്ഥിരീകരണം നൽകി. മോഡർന വാക്സിന്റെ ഏതാനം ബാച്ചുകൾക്ക് ജപ്പാൻ താത്കാലിക നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വാക്സിൻ സുരക്ഷ സംബന്ധിച്ച് SFDA സ്ഥിരീകരണം നൽകിയത്.

മുൻകരുതൽ നടപടി എന്ന രീതിയിൽ ജപ്പാൻ താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ള മോഡർന COVID-19 വാക്സിന്റെ ബാച്ച് നമ്പറുകൾ സൗദിയിലെത്തിയ ബാച്ച് നമ്പറുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് SFDA ഔദ്യോഗിക വക്താവ് തയ്‌സീർ അൽ മുഫറജ് വ്യക്തമാക്കി. സൗദിയിലെത്തിയ മുഴുവൻ ബാച്ചുകളും SFDA പരിശോധിച്ചതായും, അവ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള മോഡർന ഉൾപ്പടെ മുഴുവൻ വാക്‌സിനുകളുടെയും സൗദിയിൽ ലഭ്യമായ ബാച്ചുകളിൽ നിന്ന് ഏതാനം സാമ്പിളുകൾ പരിശോധിച്ച് അവയുടെ സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് SFDA വ്യക്തമാക്കി. അണുബാധയേറ്റതായുള്ള സംശയത്തെത്തുടർന്ന് ഏതാണ്ട് ഒന്നര ദശലക്ഷത്തിലധികം ഡോസ് മോഡർന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് ജപ്പാൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് വിലക്കേർപ്പെടുത്തിയിരുന്നു.