സൗദി അറേബ്യ: COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ മറികടന്ന 222 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

GCC News

രാജ്യത്തെ പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയിട്ടുള്ള COVID-19 പ്രതിരോധ മുൻകരുതൽ നടപടികളിൽ വീഴ്ച്ച വരുത്തിയ 222 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളിലും മറ്റും ഇത്തരം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി SFDA ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.

ഇതിൽ ഗുരുതര ലംഘനങ്ങൾ കണ്ടെത്തിയ 22 സ്ഥാപനങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയ തലത്തിലെ കൂടുതൽ അന്വേഷണങ്ങൾക്കും, നടപടികൾക്കുമായി SFDA ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി SFDA നടപ്പിലാക്കുന്ന പരിശോധനാ പരിപാടികൾ തുടരുകയാണ്.

സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തുന്നതിലും, ഉപഭോക്താക്കളുടെ ഇടയിൽ മാസ്കുകളുടെ ഉപയോഗം ഉറപ്പാക്കുന്നതിലും, കൈകൾ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസറുകൾ നൽകുന്നതിലുമാണ് ഇത്തരം സ്ഥാപനങ്ങളിൽ വീഴ്ച്ചകൾ കണ്ടെത്തിയതെന്ന് SFDA അറിയിച്ചു. രാജ്യത്തെ വിവിധ വാണിജ്യ, വ്യാവസായിക മേഖലകളിലെ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് SFDA നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് SFDA പരിശോധനകളിലൂടെ ചെയ്യുന്നത്.

Photo: @Saudi_fda_en