സൗദി: ഭക്ഷണ വസ്തുക്കൾ, മരുന്ന് മുതലായവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവ് ശിക്ഷ

GCC News

ഭക്ഷണം, മരുന്ന്, ചികിത്സാ ഉപകരണങ്ങൾ, കാലിത്തീറ്റ മുതലായ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിബന്ധനകളിൽ വരുത്തുന്ന നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവ് ലഭിക്കാമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇതിനു പുറമെ 10 ദശലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഒരു ലക്ഷം മുതൽ ഒരു ദശലക്ഷം സൗദി റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് 10 വർഷം വരെ തടവും, 10 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിലെ ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ടുള്ള നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ.

വിഷമയമായ വസ്തുക്കളോ, അപകടകരമായ പദാർത്ഥങ്ങളോ അടങ്ങിയ കാലിത്തീറ്റകൾ വിപണനം ചെയ്യുന്നവർക്ക് 2 ലക്ഷം മുതൽ ഒരു ദശലക്ഷം വരെ റിയാൽ പിഴ ചുമത്തുന്നതാണ്. ഇതിനു പുറമെ ഇങ്ങിനെ പിടിക്കപ്പെടുന്ന കാലിത്തീറ്റ മുഴുവൻ നശിപ്പിച്ച് കളയുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ കോസ്മെറ്റിക് പ്രൊഡക്ട്സ് ലോ അനുസരിച്ച് അനുവദനീയമല്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ പരസ്യം ചെയ്യുന്നവർക്ക് 5 ദശലക്ഷം റിയാൽ പിഴ ചുമത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനു പുറമെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി താത്കാലികമായോ, സ്ഥിരമായോ റദ്ദാക്കാവുന്നതാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതും, ഇവ വിപണനം ചെയ്യുന്നതിന് നൽകിയിട്ടുള്ള അനുമതി റദ്ദാക്കുന്നതുമാണ്. ഇത്തരം ലംഘനങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്കായി ശുപാർശ ചെയ്യുന്നതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.