രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി വ്യോമയാന അധികൃതർ അറിയിച്ചു. 2022 ജൂൺ 1-നാണ് സൗദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (GACA) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
യാത്രികർക്ക് തങ്ങളുടെ ക്യാബിൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം GACA സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്. ഈ നിരോധനം ഏർപ്പെടുത്താനിടയായ സാഹചര്യത്തെക്കുറിച്ച് GACA വ്യക്തത നൽകിയിട്ടില്ല.
ഈ വിജ്ഞാപന പ്രകാരം, യാത്രികർക്ക് തങ്ങളുടെ ചെക്ക്-ഇൻ ലഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി നൽകരുതെന്നും, ഇക്കാര്യം വിമാനകമ്പനികൾ ഉറപ്പ് വരുത്തണമെന്നും GACA അറിയിച്ചിട്ടുണ്ട്. GACA വിജ്ഞാപനം പാലിക്കാതെ സേവനങ്ങൾ നടത്തുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.