ഈ വർഷത്തെ സൗദി നാഷണൽ ഡേയുടെ ഭാഗമായി ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ എന്റർടൈൻമെൻ അതോറിറ്റി (GEA) അറിയിച്ചു. 2022 സെപ്തംബർ 18-നാണ് GEA ഇക്കാര്യം അറിയിച്ചത്.
ഈ ആഘോഷപരിപാടികൾക്ക് GEA സെപ്റ്റംബർ 18, ഞായറാഴ്ച്ച തുടക്കമിട്ടു. സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 26 വരെയാണ് ഈ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി വ്യോമാഭ്യാസങ്ങൾ, ബോട്ട്, മിലിറ്ററി ഷോകൾ, കരിമരുന്ന് പ്രയോഗം, സംഗീത പരിപാടികൾ, സർക്കസ് പ്രദർശനങ്ങൾ മുതലായവ ഒരുക്കുമെന്ന് GEA അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പതിനാല് നഗരങ്ങളിലായി, പത്ത് ദിവസം കൊണ്ട്, റോയൽ സൗദി എയർഫോഴ്സ് ഒരുക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങളിൽ F-15, F-15C, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങൾ പങ്കെടുക്കുന്നതാണ്.
സൈനികവാഹനങ്ങൾ അണിനിരക്കുന്ന നാഷണൽ പരേഡിൽ സൗദി റോയൽ നേവി പങ്കെടുക്കുന്നതാണ്. സൗദി റോയൽ നേവി ഒരു പ്രത്യേക ബോട്ട് ഷോ പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 21 മുതൽ 24 വരെ റിയാദിലെ പ്രിൻസസ് നൗറ ബിൻത് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റിയിൽ വെച്ച്, വിനോദപരിപാടികളും, സർക്കസ് പ്രദർശനങ്ങളും നടത്തുന്ന കനേഡിയൻ കമ്പനിയായ ‘Cirque du Soleil’ അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അറബ് സംഗീതജ്ഞരായ മുഹമ്മദ് അബ്ദോ, റബീഹ് സഖർ, മജീദ് അൽ-മൊഹന്ദസ്, അഹ്‌ലം, അഹ്‌മദ് സാദ് മുതലായവർ അവതരിപ്പിക്കുന്ന പ്രത്യേക സംഗീതപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്നതാണ്.
നാഷണൽ ഡേയുടെ ഭാഗമായി സൗദി അറേബ്യയുടെ 13 മേഖലകളിലെയും പൊതുപാർക്കുകളിൽ പ്രത്യേക ആഘോഷപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. സൗദിയിലെ 18 നഗരങ്ങളിൽ നാഷണൽ ഡേയുടെ ഭാഗമായി കരിമരുന്നു പ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികൾക്കും, വാണിജ്യസ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി പാലിക്കാൻ സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സൗദി നാഷണൽ ഡേ ഉൾപ്പടെയുള്ള വിശേഷാവസരങ്ങളിൽ ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്.
Cover Image: Photo from 90th Saudi National Day. Source: SPA.