സൗദി അറേബ്യ: രാജ്യവ്യാപകമായി നടത്തുന്ന ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികളുടെ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു

GCC News

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വെച്ച് സംഘടിപ്പിക്കാനിരിക്കുന്ന ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികളുടെ ഔദ്യോഗിക വിവരങ്ങൾ സംബന്ധിച്ച് ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പ്രഖ്യാപനം നടത്തി. 2023 ഏപ്രിൽ 21, വെള്ളിയാഴ്ചയാണ് ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികൾ സംബന്ധിച്ച് GEA പ്രഖ്യാപനം നടത്തിയത്.

https://twitter.com/GEA_SA/status/1649454552981073921

സൗദി മ്യൂസിക് കമ്മീഷൻ, തീയേറ്റർ ആൻഡ് പെർഫോമിംഗ് ആർട്സ് കമ്മീഷൻ, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം, വിസിറ്റ് സൗദി എന്നിവരുമായി സഹകരിച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികൾ മെയ് മാസം മുതൽ സെപ്റ്റംബർ വരെ നീണ്ട് നിൽക്കും.

തായിഫ്, ഖാസിം, അബ്ഹ, റിയാദ്, ഹൈൽ, ജസാൻ, അൽ ബാഹ, തബൂക് തുടങ്ങിയ വിവിധ സൗദി നഗരങ്ങളിൽ വെച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. സംഗീത പരിപാടികൾ, സംഗീത നാടകങ്ങൾ, പ്രാദേശിക, അറബ് കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീതനിശകൾ, മറ്റു കലാ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.

സൗദി അറേബ്യയിൽ നിന്നും, അറബ് മേഖലയിൽ നിന്നുമുള്ള പ്രശസ്ത കലാകാരന്മാരായ മുഹമ്മദ് അബ്ദോ, റബാഹ് സഖർ, അസ്ല, ഖാലിദ് അബ്ദുൽ റഹ്മാൻ, ഫഹദ് അൽ കുബൈസി, അസീൽ അബു ബക്കർ, സിന ഇമാദ് തുടങ്ങിയവർ ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികളിൽ പങ്കെടുക്കുന്നതാണ്. ഷ്രക്ക് ദി മ്യൂസിക്കൽ, ദി ഫ്ലൈറ്റ്, ലണ്ടൻ അപ്പാർട്മെന്റ്സ്, റൂം ഓഫ് 13, വേൾഡ് വാർ VI, മെമോ, ടു ദി മൂൺ തുടങ്ങിയ സംഗീത നാടകങ്ങൾ ഈ മേളയിൽ അരങ്ങേറുന്നതാണ്.

‘കിംഗ്ഡം ടൂർ 2023’ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://enjoy.sa/media/oy0lkv3j/kingdom-tour.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.

Cover Image: Saudi GEA. Fireworks from Riyadh Season.