സൗദി അറേബ്യ: ഹജ്ജ് സേവനങ്ങൾ സംയോജിപ്പിക്കുന്നതിനായി സ്മാർട്ട് കാർഡ് പുറത്തിറക്കി

GCC News

ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഒരുക്കുന്ന സേവനങ്ങളും, പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനായി പ്രത്യേക സ്‍മാർട്ട് കാർഡ് പുറത്തിറക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇത്തരം സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ ഹജ്ജ് പ്ലാറ്റ്ഫോമും ഇതോടൊപ്പം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ഓരോ ഹജ്ജ് തീർത്ഥാടകർക്കും അനുവദിക്കുന്ന ഇത്തരം സ്‍മാർട്ട് കാർഡുകളിൽ, തീർത്ഥാടകരുടെ സ്വകാര്യ വിവരങ്ങൾ, മെഡിക്കൽ വിവരങ്ങൾ, റെസിഡൻഷ്യൽ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാകുന്ന രീതിയിലാണ് മന്ത്രാലയം ഈ സംവിധാനം ഒരുക്കുന്നത്. ഓരോ വിശൂദ്ധ കേന്ദ്രങ്ങളിൽ നിന്നും തീർത്ഥാടകരെ തങ്ങളുടെ താമസയിടങ്ങളിലേക്ക് നയിക്കുന്നതിനും, ഓരോ വിശൂദ്ധ കേന്ദ്രങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കുന്നതിനും, മറ്റു സേവനങ്ങൾക്കും ഈ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നതാണ്. നിയമാനുസൃതമല്ലാതെ എത്തുന്ന തീർത്ഥാടകരെ പരമാവധി കണ്ടെത്തി തടയുന്നതിന് ഈ സംവിധാനം സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹൃസ്വ-ദൂര വയർലെസ്സ് സാങ്കേതികവിദ്യയായ നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട് കാർഡ് സംവിധാനം പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഈ സാങ്കേതികവിദ്യയിലൂടെ NFC ഉപകരണങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ്. വിവിധ വിശൂദ്ധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, തീർത്ഥാടകർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന, കിയോസ്ക് സംവിധാനങ്ങളിൽ ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഈ കാർഡുകളിലടങ്ങിയ ബാർകോഡ് ഉപയോഗപ്പെടുത്തികൊണ്ട്, വിവിധ സേവനങ്ങൾക്കായി തീർത്ഥാടകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും സാധിക്കുന്നതാണ്.

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ ഈ സ്മാർട്ട് കാർഡ് സംവിധാനം പ്രയോഗക്ഷമമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ ഹജ്ജ് തീർത്ഥാടന വേളയിൽ ഈ സംവിധാനത്തിന്റെ പരീക്ഷണങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്ക് ഇത്തരം സ്‍മാർട്ട് കാർഡുകൾ നൽകിയിരുന്നു.

Photo: spa.gov.sa