തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനായി അനുവാദം ലഭിക്കുന്നതിനുള്ള ഉംറ പെർമിറ്റിന്റെ വ്യാജ പതിപ്പുകൾ സൗദി ഹജ്ജ് മന്ത്രാലയം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി പൗരന്മാരും, പ്രവാസികളുമുൾപ്പെടെ നിരവധി പേർക്ക് ഇത്തരത്തിൽ വ്യാജ പെർമിറ്റുകൾ നൽകി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം വ്യാജ പെർമിറ്റുകൾ നൽകി കബളിപ്പിക്കുന്ന ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായാണ് സൂചന. ഔദ്യോഗിക പെർമിറ്റുകൾ ലഭിക്കുന്നതിന് തിരക്കേറിയ അവസരങ്ങളിൽ ഉണ്ടാകുന്ന കാലതാമസം മുതലെടുത്താണ് ഈ സംഘം ഈ തട്ടിപ്പ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
തീർത്ഥാടനത്തിയ ഏതാനം പേരുടെ കൈവശം ഉണ്ടായിരുന്ന പെർമിറ്റുകൾ വ്യാജമാണെന്ന് അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. ചില പ്രത്യേക ഏജന്റുമാരിൽ നിന്നാണ് ഇത്തരം വ്യാജ പെർമിറ്റുകൾ ലഭിച്ചതെന്നാണ് തീർത്ഥാടകർ അറിയിച്ചത്.
സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna-യിലൂടെയാണ് ഔദ്യോഗികമായി ഇത്തരം പെർമിറ്റുകൾക്കുള്ള രജിസ്ട്രേഷൻ നടത്തുന്നത്. ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ തീർത്ഥാടന പെർമിറ്റിനൊപ്പം ഗ്രാൻഡ് മോസ്ക്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും, പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും ലഭിക്കുന്നതിനായി അപേക്ഷകൾ നൽകാവുന്നതാണ്. എന്നാൽ പലപ്പോഴും കനത്ത തിരക്ക് മൂലം ആഴ്ചകളോളം പെർമിറ്റുകൾക്ക് കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മുതലെടുത്താണ് വ്യാജ പെർമിറ്റുകൾ നൽകുന്നവർ തീർത്ഥാടകരെ കബളിപ്പിക്കുന്നത്.
ഇത്തരം പെർമിറ്റുകൾക്കായി ഏജന്റുമാരെയോ, വ്യക്തികളെയോ സമീപിക്കരുതെന്നും, ഇത്തരത്തിലുള്ള പെർമിറ്റുകൾ വാഗ്ദാനം ചെയ്തു കൊണ്ട് സമീപിക്കുന്നവരുടെ വഞ്ചനയിൽ പെടരുതെന്നും ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ‘Eatmarna’ സ്മാർട്ട് ആപ്പിലൂടെ മാത്രമാണ് ഔദ്യോഗിക പെർമിറ്റുകൾ ലഭിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.