ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന സുരക്ഷാ നിയന്ത്രണങ്ങളും, വ്യവസ്ഥകൾ മറികടന്ന മൂന്ന് പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇവർ ഹജ്ജ് പെർമിറ്റുകൾ കൂടാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി അൽ ഷുവൈരേഖ് അറിയിച്ചു. ഇവർക്ക് സാധുതയുള്ള ഹജ്ജ് പെർമിറ്റുകൾ ഉണ്ടായിരുന്നില്ലെന്നും, ഇത്തരം പ്രവർത്തികൾ നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർക്ക് 10000 റിയാൽ പിഴചുമത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം രാജ്യത്തെ മുഴുവൻ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടു.
2021 ജൂലൈ 5 മുതൽ ജൂലൈ 23 വരെ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പരിസര പ്രദേശങ്ങൾ, മിന, മുസ്ദലിഫ, അറഫ മുതലായ പുണ്യസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ഹജ്ജ് പെർമിറ്റുകളുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും, നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.