സൗദി അറേബ്യ: COVID-19 രോഗബാധയുടെ നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപെടുത്തുന്നതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യ സ്ഥിതിയിലുള്ള കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിലും ഈ കുറവ് പ്രകടമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

“രാജ്യത്ത് പ്രവർത്തികമാക്കിയിട്ടുള്ള COVID-19 പ്രതിരോധ നടപടികൾ, ആരോഗ്യ പരിചരണ സൗകര്യങ്ങളുടെ ലഭ്യത, ആരോഗ്യ രംഗത്തെ മികവ് എന്നിവ രോഗവ്യാപനം തടയുന്നതിൽ ഫലപ്രദമായ പങ്ക് വഹിച്ചു. പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ചകൾ, സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ യുവജനങ്ങൾക്കിടയിൽ പ്രകടമാകുന്ന വിമുഖത എന്നിവ ആഗോളതലത്തിൽ മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് കാരണമാകുന്നു.”, സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിതരുമായി സമ്പർക്കത്തിൽ വരാൻ ഇടയായിട്ടുള്ള എല്ലാവരോടും 14 ദിവസത്തെ ഹോം ഐസൊലേഷനിൽ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരക്കാർ ഉടൻ തന്നെ മറ്റുള്ളവരുമായുള്ള എല്ലാ സമ്പർക്കവും ഒഴിവാക്കി വീടുകളിൽ തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.