സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ നിബന്ധനകളിൽ കൊണ്ടുവരുന്ന പരിഷ്കരണ നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) പുറത്ത്‌വിട്ടു. സ്വകാര്യ മേഖലയിലെ തൊഴിലുടമകളും, ജീവനക്കാരും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട്, പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി HRSD നവംബർ 4-ന് അറിയിച്ചിരുന്നു.
ഈ തീരുമാന പ്രകാരം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ജോലി മാറുന്നതിനുള്ള നിബന്ധനകൾ കൂടുതൽ സുഗമമാകുന്നതാണ്. 2021 മാർച്ച് 14 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത് നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ചാണ് HRSD നവംബർ 5-ന് അറിയിപ്പ് പുറത്തിറക്കിയത്.
ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, പ്രവാസി ജീവക്കാർക്ക് ഒരു തൊഴിലുടമയുമായുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ, നിലവിലെ തൊഴിലുടമയിൽ നിന്നുള്ള പ്രത്യേക സമ്മതം കൂടാതെ തന്നെ, മറ്റൊരു ജോലിയിലേക്ക് മാറാവുന്നതാണ്. എക്സിറ്റ്, റീ-എൻട്രി വിസകളിലെ പരിഷ്‌കാരങ്ങൾ പ്രകാരം, പ്രവാസി തൊഴിലാളികൾക്ക് അവധി സംബന്ധമായ അപേക്ഷ സമർപ്പിച്ച ശേഷം, തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇതിനു പുറമെ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, തൊഴിൽ കാലാവധി പൂർത്തിയാക്കിയ തൊഴിലാളികൾക്ക്, തൊഴിലുടമയുടെ അനുവാദമില്ലാതെ നാട്ടിലേക്ക് മടങ്ങാവുന്നതാണ്.
താഴെപ്പറയുന്ന വ്യവസ്ഥകൾ പ്രകാരമുള്ള പ്രവാസി ജീവനക്കാർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്:
- രാജ്യത്ത് പ്രവേശിച്ച ശേഷം നിലവിലെ തൊഴിലുടമയുടെ കീഴിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- തൊഴിലുടമയുമായി രേഖാമൂലം സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ ഉണ്ടായിരിക്കണം.
തൊഴിൽ നിയമങ്ങളിലെ പരിഷ്കരണം നടപ്പിലാക്കുന്ന രീതികൾ:
- പ്രവാസി ജീവനക്കാർക്ക് തൊഴിൽ മാറുന്നതിനുള്ള അനുവാദം ലഭിക്കുന്നതിനായി, പുതിയ തൊഴിലുടമയിൽ നിന്നുള്ള ജോലി വാഗ്ദാനം ചെയ്‌തുകൊണ്ടുള്ള രേഖ, പുതിയ തൊഴിലുടമ മന്ത്രാലയത്തിലെ ‘Qiwa’ വെബ്സൈറ്റിലൂടെ നൽകേണ്ടതാണ്. ഇതോടെ നിലവിലെ തൊഴിലുടമയ്ക്ക് ഇത് സംബന്ധമായ അറിയിപ്പ് ലഭിക്കുന്നതും, ജോലി മാറുന്നതിനായുള്ള നോട്ടീസ് കാലാവധി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതുമാണ്.
- ജീവനക്കാരുടെ വേതനത്തിന് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി, തൊഴിൽ കരാറുകൾ ഡിജിറ്റൽ ആയി നൽകുന്ന രീതി എന്നിവയെല്ലാം പുതിയ തൊഴിലുടമ പാലിക്കേണ്ടതാണ്.
- വിസ ട്രാൻസ്ഫർ ചെയ്യുന്നതിനായി നിലവിലെ നിരക്കുകൾക്ക് പുറമെ പ്രത്യേക ഫീസ് ഒന്നും ഉണ്ടായിരിക്കില്ല.
താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഇല്ലാതെ തന്നെ ജീവനക്കാർക്ക് വിസ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാൻ അനുവാദം ലഭിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്:
- തൊഴിൽ മാറുന്നതിന് നിലവിലെ തൊഴിലുടമ അംഗീകാരം നൽകുന്ന ജീവനക്കാർക്ക്.
- സൗദിയിൽ പ്രവേശിച്ച ശേഷം 3 മാസം പൂർത്തിയാക്കിയിട്ടും നിലവിലെ തൊഴിലുടമ രേഖാമൂലം സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാർ നൽകാത്ത ജീവനക്കാർക്ക്.
- മൂന്ന് മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാർക്ക്.
- യാത്ര, മരണം, ജയിൽവാസം, മറ്റു കാരണങ്ങൾ എന്നിവയാൽ നിലവിലെ തൊഴിലുടമ തുടർച്ചയായി സ്ഥലത്തില്ലാത്ത ജീവനക്കാർ.
- തൊഴിൽ പെർമിറ്റ്, റെസിഡൻസി പെർമിറ്റ് (ഇഖാമ) എന്നിവയുടെ കാലാവധി അവസാനിച്ച ജീവനക്കാർ.
- സാമ്പത്തിക ക്രമക്കേടുകൾ, മനുഷ്യക്കടത്ത് എന്നിവ സംബന്ധിച്ച് തൊഴിലുടമയെ ബന്ധപ്പെടുത്തി ജീവനക്കാർ പരാതി നൽകിയിട്ടുള്ള സാഹചര്യത്തിൽ.
- തൊഴിലുടമയും, ജീവനക്കാരും തമ്മിലുള്ള നിയമ നടപടികളിൽ തുടർച്ചായി 2 തവണ തൊഴിലുടമയോ, പ്രതിനിധിയോ ഹാജരാകാത്ത സാഹചര്യത്തിൽ.