സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങൾ ഇന്ത്യൻ എംബസ്സി അറിയിച്ചു

GCC News

സൗദിയിലെ ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ പുതുക്കിയ വിവരങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസ്സി പത്രക്കുറിപ്പിലൂടെ മെയ് 7, വ്യാഴാഴ്ച്ച രാവിലെ അറിയിച്ചു. ഇതുപ്രകാരം സൗദിയിൽ നിന്ന് 5 വിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്.

നേരത്തെ വ്യോമയാന വകുപ്പ് പുറത്ത് വിട്ട സൗദിയിൽ നിന്നുള്ള വിമാന സർവീസുകളുടെ തീയതികളിൽ ഈ അറിയിപ്പ് പ്രകാരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുതുക്കിയ വിവരങ്ങൾ അനുസരിച്ച് സൗദിയിൽ നിന്നുള്ള ആദ്യ വിമാന സർവീസ് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് മെയ് 8-നു പുറപ്പെടും. നേരത്തെ ഈ സർവീസ് മെയ് 7-നു ആണ് നിശ്ചയിച്ചിരുന്നത്. റിയാദ്-ഡൽഹി, ദമ്മാം-കൊച്ചി, ജിദ്ദ-കൊച്ചി, ജിദ്ദ-ഡൽഹി സെക്ടറുകളിലേക്കാണ് മറ്റ് സർവീസുകൾ.

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ ഘട്ടത്തിലെ വിമാന സർവീസുകളുടെ പുതുക്കിയ തീയതികൾ:

  • റിയാദ്-കോഴിക്കോട് – മെയ് 8
  • റിയാദ്-ഡൽഹി – മെയ് 10
  • ദമ്മാം-കൊച്ചി – മെയ് 12
  • ജിദ്ദ-ഡൽഹി – മെയ് 13
  • ജിദ്ദ-കൊച്ചി – മെയ് 14

ഏപ്രിൽ 29 മുതൽ സൗദിയിലെ ഇന്ത്യൻ എംബസ്സി ആരംഭിച്ച, മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷനിൽ നിന്ന്, അടിയന്തിര സാഹചര്യങ്ങളിലുള്ള യാത്രികരെ കണ്ടെത്തി, അവർക്കുള്ള യാത്ര നടപടികൾ ഒരുക്കിവരുന്നതായി എംബസി അറിയിച്ചു. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തൊഴിലാളികൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗർഭിണികൾ, സൗദിയിൽ കുടുങ്ങി കിടക്കുന്ന ഉംറ തീർത്ഥാടകർ എന്നിവർക്കായിരിക്കും മുൻഗണന.

തിരഞ്ഞെടുത്ത യാത്രികരുമായി എംബസി അധികൃതർ ഫോണിലൂടെയും, ഇമെയിൽ വഴിയും ബന്ധപ്പെടുന്നുണ്ട്. എംബസി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവരോട് ടിക്കറ്റ് നടപടികൾക്കായി എയർ ഇന്ത്യ ഓഫീസുമായി ബന്ധപ്പെടാൻ എംബസ്സി ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് തുക യാത്രികർ സ്വയം വഹിക്കേണ്ടതാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്രാ നടപടികൾ. പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ഉദ്യമത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പൂർണ്ണ പിന്തുണ എംബസ്സി ആവശ്യപെട്ടിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ അധികൃതരുമായി ബന്ധപ്പെടാം:

എംബസി ഓഫ് ഇന്ത്യ, റിയാദ്
COVID-19 ഹെല്പ് ലൈൻ: 966 546103992
ഇമെയിൽ: covid19indianembassy@gmail.com

കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ജിദ്ദ
COVID-19 ഹെല്പ് ലൈൻ: 966 556122301 / 8002440003
ഇമെയിൽ: hoc.jeddah@mea.gov.in / conscw@mea.gov.in

Photo: Embassy of India, Riyadh [Indian Ambassador to Saudi Arabia Dr. Ausaf Sayeed holding an interaction with the media on May 6]