ജിദ്ദയിൽ, കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിനെ തുടർന്ന്, ജൂൺ 6, ശനിയാഴ്ച്ച മുതൽ വീണ്ടും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ 6 മുതൽ രണ്ടാഴ്ച്ചത്തേക്കാണ് (ജൂൺ 20 വരെ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ വൈകീട്ട് 3 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടാകുക എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജൂൺ 6 മുതൽ ജൂൺ 20 വരെ ജിദ്ദയിൽ കർഫ്യു തിരികെ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ:
- ജിദ്ദയിൽ ഉടനീളം വൈകീട്ട് 3 മുതൽ 6 വരെ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
- സ്വകാര്യ മേഖലയിലെയും, സർക്കാർ മേഖലയിലെയും സ്ഥാപനങ്ങളിൽ ജീവനക്കാർ ജോലിക്കെത്തുന്നത് വിലക്കിയിട്ടുണ്ട്.
- ജിദ്ദയിലെ എല്ലാ കഫെകളിലും, റസ്റ്റാറന്റുകളിലും ഭക്ഷണം വിളമ്പുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു അനുവാദം ഉണ്ടായിരിക്കില്ല.
- ജിദ്ദയിലെ പള്ളികളിലേക്കുള്ള പ്രവേശനം താത്കാലികമായി തടഞ്ഞിട്ടുണ്ട്.
ജിദ്ദ നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും ജിദ്ദയിലൂടെയുള്ള കര, വ്യോമ മാർഗങ്ങളിലൂടെയുള്ള സഞ്ചാരത്തിന് തടസമുണ്ടാകില്ല. കർഫ്യു നിയന്ത്രണങ്ങളുടെ സമയത്തൊഴികെ ജിദ്ദയിലേക്കും, തിരികെയും യാത്രകൾ അനുവദിക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അടിയന്തിര മേഖലകളിലുള്ളവർക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും.
റിയാദ് നഗരത്തിലും, രോഗബാധിതരുടെ എണ്ണത്തിൽ കാണുന്ന വർദ്ധനവ് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്നും, ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ റിയാദിലും നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ജിദ്ദ ഒഴികെ സൗദിയിൽ വേറെ എവിടെയും കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല എന്നും, സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് ഓരോ മേഖലയിലെയും ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളിൽ മാറ്റം വരാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ന് 2591 പേർക്കാണ് സൗദിയിൽ പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതിൽ 459 കേസുകൾ ജിദ്ദയിൽ നിന്നുമാണ്.