രാജ്യത്തെ പൗരന്മാരുടെയും, പ്രവാസികളുടെയും സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നത് സംബന്ധിച്ച തീയ്യതി പിന്നീട് അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 1, ചൊവ്വാഴ്ച്ചയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2021 ജനുവരി 1-ന് ശേഷം സൗദിയിൽ നിന്ന് വിദേശത്തേക്കും, സൗദിയിലേക്കും യാത്ര ചെയ്യുന്നതിന് അനുമതി നൽകുന്നത് പരിശോധിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സെപ്റ്റംബർ 13-ലെ അറിയിപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകൾ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. രാജ്യത്തിനകത്തേക്കും, പുറത്തേക്കും ഇരുവശത്തേക്കുമുള്ള യാത്രകളുടെ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതും, രാജ്യത്തെ എല്ലാ അതിർത്തികളും തുറക്കുന്നതും സംബന്ധിച്ച കൃത്യമായ തീയ്യതികൾ മന്ത്രാലയം പിന്നീട് അറിയിക്കുന്നതാണ്.
2021 ജനുവരി 1-ന് 30 ദിവസങ്ങൾക്ക് മുൻപ് ഇത് സംബന്ധിച്ച കൃത്യമായ തീയതികൾ പ്രഖ്യാപിക്കുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഈ തീയ്യതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം യാത്രികർ പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കാൻ സാധ്യതയുള്ളതായും സൗദി പ്രസ് ഏജൻസി അറിയിച്ചു.