സൗദി: മക്കയിലും, മദീനയിലും റമദാനിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അറിയിപ്പ്

Saudi Arabia

റമദാനിൽ മക്കയിലും, മദീനയിലും നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ പ്രസിഡൻസി തലവൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിപ്പ് നൽകി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും, സമൂഹത്തിലെ മറ്റുള്ളവരുടെ സുരക്ഷ മുൻനിർത്തിയും മക്കയിലും, മദീനയിലുമെത്തുന്ന തീർത്ഥാടകരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആദ്ദേഹം ആവശ്യപ്പെട്ടു.

റമദാനിൽ മക്കയിലും, മദീനയിലുമെത്തുന്ന തീർത്ഥാടകരുടെ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം തീർത്ഥാടകർക്ക് സുഗമമായ രീതിയിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്ഥാടകർ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാര്ഥനകൾക്കായി അഞ്ച് പ്രത്യേക ഇടങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസം വാട്ടർ കൂളറുകൾ ഉപയോഗിക്കാൻ അനുമതി ഇല്ലെങ്കിലും, തീർത്ഥാടകർക്കായി ദിനംപ്രതി രണ്ട് ലക്ഷം ബോട്ടിൽ സംസം വെള്ളം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാൻഡ് മോസ്കിലും, പ്രവാചകന്റെ പള്ളിയിലും വെച്ച് നോമ്പ് തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള വെള്ളം, ഈന്തപ്പഴം എന്നിവ കൈവശം കരുതുന്നതിന് അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇത് സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ളതാണെന്നും, ഇവ മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നതിനോ, പങ്ക് വെക്കുന്നതിനോ അനുവാദം നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളികളിലോ, പരിസരങ്ങളിലോ ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടവരുന്നതിന് അനുമതി ഉണ്ടായിരിക്കില്ല. എന്നാൽ നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണം ഓരോ വ്യക്തികൾക്കും പ്രത്യേകം വിതരണം ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കൊഴിവാക്കുന്നതിനായുള്ള പദ്ധതികൾ തയ്യാറാക്കിയതായും, സുഗമമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിനായി പതിനായിരത്തോളം ജീവനക്കാരുടെ സേവനം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാൻഡ് മോസ്കിൽ ദിനവും പത്ത് തവണ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഏതാണ്ട് അയ്യായിരത്തോളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഉംറ അനുഷ്ഠിക്കുന്നതിനും, മറ്റു പ്രാർത്ഥനകൾക്കുമായി ‘Eatmarna’ ആപ്പിൽ നിന്നുള്ള പെർമിറ്റുകളുള്ള തീർത്ഥാടകർക്കും, സന്ദർശകർക്കും മാത്രമാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മക്കയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഇത് ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക സുരക്ഷാ പരിശോധനകൾ ആരംഭിച്ചതായി സൂചനകളുണ്ട്.