ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ ഈ രജിസ്ട്രേഷൻ ലഭ്യമാണ്.
ജൂൺ 13-ന് വൈകീട്ടാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് ഹജ്ജിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്:
- നിലവിൽ സൗദിയിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി.
- 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണം.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുത്.
- കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തവർക്ക് അനുമതിയില്ല.
ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും പ്രത്യേകമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരായ രക്ഷകർത്താക്കൾ കൂടാതെ മറ്റു സ്ത്രീകൾക്കൊപ്പം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്. ഇത് സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയിരിക്കുന്നത്:
- ആരോഗ്യ സ്ഥിതി, മറ്റു മാനദണ്ഡങ്ങൾ എന്നിവപ്രകാരമാണ് രജിസ്ട്രേഷനുകൾ തരംതിരിക്കുന്നത്.
- വിവിധ പ്രായപരിധികളിൽ ഇത് വരെ ഹജ്ജ് അനുഷ്ഠിക്കാനാവസരം ലഭിക്കാത്തവർക്ക് മുൻഗണന നൽകുന്നതാണ്.
- ഹജ്ജ് പാക്കേജ് തിരഞ്ഞെടുക്കുന്നവർ പാക്കേജ് തിരഞ്ഞെടുത്ത് 3 മണിക്കൂറിനകം ഇതിന്റെ തുക അടയ്ക്കേണ്ടതാണ്.
12113 റിയാൽ, 14381 റിയാൽ, 16560 റിയാൽ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഹജ്ജ് പാക്കേജുകളാണ് മന്ത്രാലയം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ജൂൺ 12-ന് അറിയിച്ചിരുന്നു. 60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്.