രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ടൂറിസം അതോറിറ്റി പ്രത്യേക വേനൽക്കാല പദ്ധതി ആരംഭിച്ചു. സൗദി അറേബ്യയിലെ നിവാസികളുടെ ഇടയിൽ വിദേശയാത്രകൾക്ക് പകരം, ഈ വർഷം രാജ്യത്തെ വിനോദസഞ്ചാര സാധ്യതകൾ തുറന്നു കാട്ടുന്നതിനാണ് ‘സൗദി സമ്മർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത്. ജൂൺ 25 മുതൽ സെപ്റ്റംബർ 30 വരെയാണ് ‘സൗദി സമ്മർ’ നടപ്പിലാക്കുന്നത്.
രാജ്യത്തെ നിവാസികളുടെ ഇടയിൽ വിനോദയാത്രകളെക്കുറിച്ച്, സൗദി ടൂറിസം അതോറിറ്റി നടത്തിയ വിപുലമായ അന്വേഷണങ്ങൾക്ക് ശേഷമാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ വലിയൊരു വിഭാഗം ജനങ്ങളും നിലവിൽ വിമാനയാത്രകളെക്കുറിച്ച് ആശങ്കകൾ പ്രകടമാക്കിയതും, രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാര സാധ്യതകളിൽ താത്പര്യം പ്രകടിപ്പിച്ചതും ടൂറിസം അതോറിറ്റിയെ ആഭ്യന്തര ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്തെ സംസ്കാരിക ഇടങ്ങൾ, ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ, പ്രകൃതിഭംഗി തുളുമ്പുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ മുതലായവയ്ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ടാണ് വേനൽക്കാല ടൂറിസം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ മൂലം പൂർണ്ണമായും സ്തംഭിച്ച സൗദിയിലെ ടൂറിസം മേഖലയിൽ ഒരു പുത്തനുണർവ് നൽകാൻ ‘സൗദി സമ്മർ’ സഹായകമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ ഖത്തീബ് പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി അൽ ഖത്തീബ് ഏതാനം ദിവസങ്ങൾക്ക് മുൻപ്, അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസത്തിന്റെ അടിയന്തിര യോഗത്തിനു ശേഷം അറിയിച്ചിരുന്നു. സൗദിയിൽ ഉടൻ തന്നെ വേനൽക്കാല ടൂറിസം പദ്ധതികൾ ആരംഭിക്കുമെന്നും, ഇത് ആഭ്യന്തര വിനോദസഞ്ചാരമേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയായിരിക്കും നടപ്പിലാക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Cover Photo by Kemo Sahab [Unsplash]