സൗദി: ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു

GCC News

ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ, പ്രധാന സവിശേഷതകൾ എന്നിവ സൗദി കിരീടാവകാശിയും, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അവതരിപ്പിച്ചു. ജിദ്ദ സെൻട്രൽ ഡെവലപ്മെന്റ് കമ്പനി ചെയർമാൻ കൂടിയാണ് അദ്ദേഹം.

ന്യൂ ജിദ്ദ ഡൗൺടൗൺ എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന ഈ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചതായി ഡിസംബർ 17-ന് സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. 75 ബില്യൺ റിയാൽ മൂല്യമുള്ള ഈ പദ്ധതി ചെങ്കടൽ തീരമേഖലയിൽ ഏതാണ്ട് 5.7 ദശലക്ഷം സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള പ്രദേശത്തിന്റെ വികസനത്തിന് ലക്ഷ്യമിടുന്നു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകർ എന്നിവരാണ് ഈ പദ്ധതിയ്ക്കായി പണം മുടക്കുന്നത്.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വികസനം എത്തിക്കുക എന്ന സൗദി കിരീടാവകാശി മുന്നോട്ട് വെക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിദ്ദയുടെ ഹൃദയഭാഗത്തായി ചെങ്കടലിനെ അഭിമുഖീകരിക്കുന്ന രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരിടം വികസിപ്പിക്കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജിദ്ദ പട്ടണത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്. 2030-ഓടെ സൗദി സമ്പദ്‌ഘടനയിലേക്ക് ഏതാണ്ട് 47 ബില്യൺ റിയാലിന്റെ അധികമൂല്യം സംഭാവന ചെയ്യുന്നതിന് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഓപ്പറ ഹൗസ്, മ്യൂസിയം, സ്പോർട്സ് സ്റ്റേഡിയം, ഓഷ്യനേറിയം തുടങ്ങിയ സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ടൂറിസം, വിനോദമേഖല, സ്പോർട്സ്, സാംസ്‌കാരിക മേഖല തുടങ്ങിയ നിരവധി മേഖലകളുടെ വികസനത്തിനാണ് ഈ പദ്ധതിയിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.