സൗദി: വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നു

Saudi Arabia

40000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മുഴുവൻ വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും കുട്ടികൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ സൗദി മിനിസ്ട്രി ഓഫ് മുൻസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിർദ്ദേശം നൽകി. കുട്ടികളുള്ള സ്ത്രീകൾക്ക് ഇത്തരം വാണിജ്യ കേന്ദ്രങ്ങളിൽ സൗകര്യമായി തൊഴിലെടുക്കുന്നതിനുള്ള അവസരം നൽകുന്നതിനായാണ് മന്ത്രാലയം ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

കുട്ടികളുടെ പരിചരണത്തിനായുള്ള ഇത്തരം കേന്ദ്രങ്ങൾക്കായി ചുരുങ്ങിയത് 50 സ്‌ക്വയർ മീറ്ററെങ്കിലും മാറ്റിവെക്കേണ്ടതാണ്. പ്രവർത്തി സമയങ്ങളിൽ കുട്ടികളുടെ പരിചരണത്തിനും, മേൽനോട്ടത്തിനും ഇത്തരം കേന്ദ്രങ്ങളിൽ സൗകര്യം ലഭിക്കുന്നതോടെ, ചെറിയ കുട്ടികളുള്ള സ്ത്രീകൾക്ക് തൊഴിലെടുക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ മാറുന്നതാണ്. നിലവിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് തങ്ങളുടെ തൊഴിൽ നിലനിർത്താനും, പുതിയതായി സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനും ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്.