മറ്റൊരു COVID-19 വാക്സിനു കൂടി ഔദ്യോഗിക റജിസ്‌ട്രേഷൻ നൽകാൻ സാധ്യതയുള്ളതായി സൗദി ആരോഗ്യ മന്ത്രാലയം

Saudi Arabia

മറ്റൊരു COVID-19 വാക്സിനു കൂടി രാജ്യത്ത് ഔദ്യോഗിക റജിസ്‌ട്രേഷൻ നൽകുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. സൗദി അറേബ്യ നിലവിൽ ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നിവർ തയ്യാറാക്കുന്ന COVID-19 വാക്സിനു രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.

ഇതിനു പുറമെ, 2020 അവസാനിക്കുന്നതിനു മുൻപായി മറ്റൊരു COVID-19 വാക്സിനു കൂടി ഔദ്യോഗിക അംഗീകാരം നൽകുന്നതിനുള്ള സാധ്യതകൾ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റർ അബ്ദുല്ല അൽ അസിരിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി സമൂഹത്തിലെ 80 ശതമാനം പേരും കൈവരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനായാൽ സൗദിയിലെ മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞതായി കരുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്. പ്രായമായവരിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങളിലും ആരംഭിച്ചിട്ടുള്ള നിലവിലെ വാക്സിനേഷൻ ഒന്ന്, രണ്ട് മാസങ്ങൾക്കകം പൂർത്തിയാകുമെന്നും, തുടർന്ന് മറ്റു വിഭാഗങ്ങൾക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയതായും മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾക്ക് സൗദി അറേബ്യയിൽ ഡിസംബർ 17, വ്യാഴാഴ്ച്ച തുടക്കമായിട്ടുണ്ട്. സൗദിയിൽ ഇതുവരെ മൂന്ന് ലക്ഷത്തിൽ പരം ആളുകൾ COVID-19 വാക്സിൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിട്ടുണ്ട്.

സൗദിയിലെ പൗരന്മാർക്കും, പ്രവാസികൾക്കും വാക്സിനേഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച്ച മുതൽ ആരംഭിച്ചിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Sehhaty’ എന്ന ആപ്പിലൂടെ ഈ രെജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. സൗദിയിലെ പ്രവാസികളും, പൗരന്മാരുമുൾപ്പടെ മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

COVID-19 വാക്സിൻ നൽകുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.