രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു. 2022 ജനുവരി 29, ശനിയാഴ്ച്ചയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
MHRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് സുലൈമാൻ അൽ രാജ്‌ഹിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുൻനിർത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളിൽ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതിനുമായാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.