രാജ്യത്തെ സ്വർണ്ണ വില്പനശാലകളിലും, ജ്വല്ലറികളുടെ വില്പനശാലകളിലും തൊഴിലെടുക്കുന്നവർക്ക് വർക്ക് പെർമിറ്റുകൾ നിർബന്ധമാക്കിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്‌മെന്റ് (MHRSD) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് MHRSD ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 10-ന് വൈകീട്ട് MHRSD മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ രജ്‌ഹിയാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.
ഇത്തരം സ്ഥാപനങ്ങളിലെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് MHRSD അറിയിച്ചിട്ടുള്ളത്:
- ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് പെർമിറ്റ് നിർബന്ധമാണ്.
- സൗദി പൗരന്മാർക്ക് മാത്രമായിരിക്കും ഇത്തരം ഇടങ്ങളിൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്.
- മന്ത്രാലയം മുന്നോട്ടിവെച്ചിട്ടുള്ള നിബന്ധനകൾ പ്രകാരം ഈ മേഖലയിൽ തൊഴിൽ നൈപുണ്യമുള്ളവരായിരിക്കണം.
ഈ ഉത്തരവ് നടപ്പിലാക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇത്തരം പെർമിറ്റുകൾക്ക് ഒരു വർഷത്തെ സാധുതയാണ് നൽകുന്നതെന്നും, ഇത് പിന്നീട് പുതുക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.