സൗദി: സ്വകാര്യ മേഖലയിൽ രണ്ട് ദിവസത്തെ വാരാന്ത്യം നടപ്പിലാക്കുന്നതിനെക്കുറിച്ച് MHRSD ആലോചിക്കുന്നു

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും വാരാന്ത്യ അവധി രണ്ട് ദിവസമാക്കി ഉയർത്തുന്ന രീതിയിൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഔദ്യോഗിക വക്താവ് സയീദ് അൽ ഹമ്മാദിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇക്കാര്യം നടപ്പിലാക്കുന്നതിന്റെ വിവിധ വശങ്ങൾ മന്ത്രാലയം പരിശോധിച്ച് വരുന്നതായി അദ്ദേഹം അറിയിച്ചു. സൗദി വിഷൻ 2030 പ്രകാരം രാജ്യത്തെ തൊഴിൽ മേഖലയെ കൂടുതൽ നവീകരിക്കുന്നതിനായാണ് മന്ത്രാലയം ഇക്കാര്യം പരിഗണിക്കുന്നത്.

ഇതിന്റെ ഭാഗമായി ആഴ്ച തോറുമുള്ള ഔദ്യോഗിക പ്രവർത്തിസമയങ്ങൾ പുനഃപരിശോധിക്കുന്നതിനും, സ്വകാര്യ മേഖലയിലെ എല്ലാ തരം തൊഴിലാളികൾക്കും ആഴ്ച തോറും രണ്ട് ദിവസത്തെ അവധി നൽകുന്നതിനുള്ള ഭേദഗതികൾ നടപ്പിലാക്കുന്നതിനും ആവശ്യമായ പഠനങ്ങൾ MHRSD-യുടെ നേതൃത്വത്തിൽ നടത്തുന്നതാണ്. ഇതിൽ തീരുമാനം കൈക്കൊള്ളുന്ന സാഹചര്യത്തിൽ അക്കാര്യം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അൽ ഹമ്മാദ് വ്യക്തമാക്കിയിട്ടുണ്ട്.