2021 അവസാനത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റുകളും, ഹൈപ്പർ മാർക്കറ്റുകളും ഉൾപ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള പദ്ധതിക്ക് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) രൂപം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ പദ്ധതിയിലൂടെ അടുത്ത ഒരു വർഷത്തിനിടയിൽ
സൗദി പൗരന്മാർക്കായി ഏതാണ്ട് 17000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട്, സൗദി തൊഴിലന്വേഷകരിൽ നിന്നുള്ള അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ച് തുടങ്ങിയതായും പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. 100 മുതൽ 499 സ്‌ക്വയർ മീറ്റർ വിസ്‌തൃതിയുള്ള സൂപ്പർ മാർക്കറ്റുകളിലും, 500 സ്‌ക്വയർ മീറ്ററിനു മുകളിൽ വിസ്‌തൃതിയുള്ള ഹൈപ്പർ മാർക്കറ്റുകളിലുമാണ് ഈ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നത്.
നിലവിൽ ഇത്തരം സ്ഥാപനങ്ങളിൽ ഏതാണ്ട് 35 ശതമാനം ജീവനക്കാർ സൗദി പൗരന്മാരാണ്. ഇതിൽ പ്രമുഖ സ്ഥാപനങ്ങളെ കണ്ടെത്തി, അത്തരം സ്ഥാപനങ്ങളുമായി സൗദി പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച കരാർ തയ്യാറാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) ഒക്ടോബർ 5-ന് അറിയിച്ചിരുന്നു.