കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു കൊണ്ട്, സീസണൽ വിപണന സേവനങ്ങളുടെ കാലാവധി നീട്ടാൻ രാജ്യത്തെ വ്യാപാരശാലകൾക്കും, ഷോപ്പിംഗ് മാളുകൾക്കും സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി. ആദായവില്പനകളുമായി ബന്ധപ്പെട്ട്, സ്ഥാപനങ്ങളിൽ അനിയന്ത്രിതമായ അളവിൽ ഉപഭോക്താക്കളുടെ തിക്കും തിരക്കും ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
ഇത് നടപ്പിലാക്കുന്നതിനായി, വിലക്കിഴിവുകൾ നൽകുന്നതിനായി വാർഷികാടിസ്ഥാനത്തിൽ പരമാവധി അനുവദനീയമായ ദിനങ്ങൾ നീട്ടിനൽകാനാണ് നിലവിൽ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ നിലവിൽ നൽകിയിട്ടില്ല.
ഇതിനു പുറമെ ഇത്തരം വ്യാപാര കേന്ദ്രങ്ങളിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാസ്കുകൾ ധരിക്കാത്തവർക്ക് ഇത്തരം കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും, സാനിറ്റൈസറുകൾ ഉറപ്പാക്കാനും, സമൂഹ അകലം നടപ്പിലാക്കാനും, ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം മുൻകരുതൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപങ്ങൾക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി പിഴ, അടച്ച് പൂട്ടൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് കൊണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ഉള്ളിലോ, പുറത്തോ കൂട്ടംകൂടി നിൽക്കുന്നവർക്ക് 50000 റിയാൽ വീതം പിഴ ചുമത്തുന്നതാണ്.