‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ സൗദി സാംസ്കാരിക മന്ത്രാലയം 2021 ഡിസംബർ 31-ന് പ്രകാശനം ചെയ്തു. സൗദി പ്രാദേശിക കാപ്പിയുടെ ആധികാരിക രുചി ആഘോഷിക്കുന്നതിനായി 2022 വർഷം ‘ഇയർ ഓഫ് സൗദി കോഫീ’ എന്ന രീതിയിൽ ആചരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
സൗദി ആതിഥ്യമര്യാദയുടെയും, ഉദാരതയുടെയും അടയാളമായി കണക്കാക്കുന്ന ‘ഫിൻജൽ’ എന്ന ചെറു കാപ്പിക്കപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതിയുടെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

‘സൗദി കോഫീ ഇനിഷിയേറ്റീവ്’ എന്ന സംരംഭത്തിന് കീഴിലായിരിക്കും ‘ഇയർ ഓഫ് സൗദി കോഫീ’ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾകൊള്ളുന്ന https://engage.moc.gov.sa/year-of-saudi-coffee എന്ന വെബ്സൈറ്റും മന്ത്രാലയം പ്രകാശനം ചെയ്തിട്ടുണ്ട്.

‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതിയുമായി ബന്ധപ്പെട്ട് 2022 വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്. സൗദി അറേബ്യയുടെ സ്വത്വം, സംസ്കാരം എന്നിവയുമായി ഇതിന് വളരെ അടുത്ത ബന്ധമുണ്ട്.

വിവിധ സർക്കാർ വകുപ്പുകൾ, പ്രാദേശിക തലത്തിലും, അന്താരാഷ്ട്ര തലത്തിലുമുള്ള കഫേകൾ മുതലായ സ്ഥാപനങ്ങൾ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നതാണ്. പൊതു ജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി വിവിധ മത്സരങ്ങൾ, പരിപാടികൾ എന്നിവ മന്ത്രാലയം പ്രത്യേകമായി ഒരുക്കുന്നതാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കാപ്പി കൃഷിചെയ്യുന്ന ഇടങ്ങളിലൊന്നാണ് സൗദി അറേബ്യയിലെ തെക്കൻ മേഖലയിലെ ജസാൻ പ്രദേശം. യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ‘ഗ്രീൻ ഗോൾഡ് ഓഫ് ജസാൻ’ എന്ന പേരിലറിയപ്പെടുന്ന ഖവ്ലാനി കാപ്പിക്കുരുവിന് ഏറെ പ്രശസ്തമാണ്. ഉയർന്ന നിലവാരമുള്ള ഈ കാപ്പി സൗദി സംസ്കാരത്തിന്റെ ഭാഗമാണ്.

സൗദി 2030 വിഷൻ പദ്ധതിയുടെ കീഴിൽ വരുന്ന ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ’ ഭാഗമായാണ് മന്ത്രാലയം ഇത്തരം ഒരു സംരംഭം ഒരുക്കുന്നത്. സമൂഹത്തിൽ സൗദി കോഫിയ്ക്കുള്ള പ്രാധാന്യം, അവയുടെ കൃഷി, സംസ്കരണം മുതലായവയെല്ലാം ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് ഇത്തരം ഒരു സംരഭത്തെ മന്ത്രാലയം കാണുന്നത്.
All Photos: Saudi Arabia Ministry of Culture (@mocsaudi_en)