റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേരുന്നതിന് അവസരം നൽകുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിലുള്ള പ്രവാസികളുടെ കുട്ടികൾക്ക് പുതിയ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ ചേരുന്നതിന് അനുവാദം നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനായി ഇത്തരത്തിലുള്ള പ്രവാസികൾക്ക് കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നതിനുള്ള അപേക്ഷാ ഫോം സ്‌കൂളുകളിൽ നിന്ന് ലഭ്യമാക്കുമെന്നും, ഇത്തരക്കാരെ മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെടുന്നതിന് സ്‌കൂൾ അധികൃതർ നിർദ്ദേശിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായാണ് വിവരം.
മന്ത്രാലയം അംഗീകാരം നൽകുന്ന അപേക്ഷാ ഫോമുകൾ സ്‌കൂളുകളിൽ സമർപ്പിച്ച് കൊണ്ട് കുട്ടികളെ ചേർക്കുന്ന നടപടി പൂർത്തിയാക്കാവുന്നതാണ്. ഇത്തരം പ്രവാസികളെ തങ്ങളുടെ വിസ സ്റ്റാറ്റസ് പുതുക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.