രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൂന്ന് തരത്തിലുള്ള പ്രവർത്തന രീതികൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ജനുവരി 23 മുതൽ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 9-ന് അറിയിച്ചിരുന്നു.
പ്രൈമറി വിദ്യാലയങ്ങൾ തുറക്കുന്നതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം 2022 ജനുവരി 11-ന് വൈകീട്ടാണ് അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ലോ, മീഡിയം, ഹൈ എന്നിങ്ങനെ 3 പ്രവർത്തന രീതികളാണ് രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.
രാജ്യത്തെ 97 ശതമാനം വിദ്യാലയങ്ങളും ലോ, മീഡിയം വിഭാഗങ്ങളിൽ ഉൾപ്പെടുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. സൗദിയിലെ മുഴുവൻ മേഖലകളിലെയും പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, മുൻകരുതൽ നടപടികൾ തുടങ്ങിയ കണക്കിലെടുത്തും, വിദ്യാലയങ്ങളിൽ ലഭ്യമായിട്ടുള്ള സ്ഥലസൗകര്യങ്ങൾ മുതലായവ കണക്കിലെടുത്തുമാണ് ഈ പ്രവർത്തന രീതികൾ നടപ്പിലാക്കുന്നത്.
- ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ലോ ലെവൽ വിഭാഗത്തിൽപ്പെടുത്തുന്ന വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ ക്ലാസ്സ്‌മുറികളിലും മറ്റും സമ്പൂർണ്ണമായുള്ള സാമൂഹിക അകലം നടപ്പിലാക്കുന്നതാണ്.
- മീഡിയം ലെവൽ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ടാണ് സാമൂഹിക അകലം ഉൾപ്പടെ നടപ്പിലാക്കുന്നത്.
- ഹൈ ലെവൽ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ച് കൊണ്ടാണ് ക്ലാസ്സ്‌മുറികളിലും, ലാബുകളിലും മറ്റും സാമൂഹിക അകലം ഉൾപ്പടെ നടപ്പിലാക്കുന്നത്.
ഇതിന് പുറമെ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക, മാനസിക തയ്യാറെടുപ്പുകൾ നൽകുന്നതിനുള്ള നടപടികൾ, ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കുന്നതിനുള്ള പ്രചാരണ നടപടികൾ, ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ, സാമൂഹിക അകലം ഉറപ്പ് വരുത്താനാകാത്ത അധ്യയന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Photo: @emara_riyadh