രാജ്യത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് 31-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർത്ഥികൾ തവക്കൽന (Tawakkalna) ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളുമായി വിദ്യാലയങ്ങളിലെത്തുന്നതിന് അനുമതി നൽകിയിരുന്നത്.
എന്നാൽ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയതായും, വിദ്യാർത്ഥികളുടെ ആരോഗ്യ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി സ്‌കൂൾ അധികൃതരോട് ‘തവക്കൽന വെബ്’ സംവിധാനം ഉപയോഗപ്പെടുത്താനും നിർദ്ദേശിച്ചതായാണ് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നേടിയ വിദ്യാർത്ഥികൾ, പുതിയ വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധിച്ച് തവക്കൽന ആപ്പിലൂടെ ലഭിച്ച പ്രിന്റ് കൈവശം കരുതണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്തരം വിദ്യാർത്ഥികൾക്ക് ഈ രേഖ സ്‌കൂൾ അധികൃതരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ച് കൊടുക്കാവുന്നതാണ്.
സ്‌കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ ഫോണുകൾ സുരക്ഷിതമാക്കി വെക്കും എന്ന വ്യവസ്ഥയിൽ ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഫോണുകൾ വിദ്യാലയങ്ങളിലേക്ക് കൊണ്ട് വരുന്നതിന് അനുമതി നൽകാനുള്ള അധികാരം വിദ്യാലയങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിലും, പരിസരങ്ങളിലും മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് വിലക്കിയതായും സ്‌കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരോട് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്ത് സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്തു കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും, മറ്റുള്ളവരുടെ അന്തസ്സിന് കോട്ടം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.