രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 12 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള പ്രചാരണ പരിപാടികൾ ഊർജ്ജിതപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ പ്രായപരിധിയിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി വിദ്യാഭ്യാസ മേഖലയിലെ അധികൃതരുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി 2726516 വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്തി തങ്ങളുടെ പഠനം തുടരുന്നതിന് ഈ നടപടി ഏറെ പ്രധാനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ മുതലായവരോട് എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. 12 മുതൽ 18 വയസ് വരെ പ്രായമുള്ള വിഭാഗങ്ങൾക്ക് ഫൈസർ വാക്സിനിന്റെ ആദ്യ ഡോസ് കൊടുത്ത് തുടങ്ങിയതായി ജസാൻ, ഖാസിം മുതലായ ഇടങ്ങളിലെ ആരോഗ്യ വകുപ്പുകൾ വ്യക്തമാക്കിയിട്ടുണ്ട്.