COVID-19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി

GCC News

രാജ്യത്തെ ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് മഹാമാരിക്കെതിരെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ ശക്തമായി തുടരാൻ സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ വൈറസിനെതിരെയുള്ള ജാഗ്രത തുടരാനും, സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കാനും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചു.

സൗദിയിലെ ദിനംപ്രതിയുള്ള രോഗബാധിതരുടെ വിവരങ്ങൾ പങ്ക് വെക്കുന്നതിനിടയിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ നൽകിയത്. “അത്യന്തം ഭയാനകമായ ഒരു പ്രതിസന്ധിയെ നാം ഒത്തൊരുമിച്ച് നേരിട്ടു. ഈ പ്രതിസന്ധി നേരിടുന്നതിൽ നാം ബഹുദൂരം മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞു. എന്നാൽ നാം പുറകോട്ട് പോകേണ്ട അവസ്ഥ സംജാതമാകാൻ ദയവായി അനുവദിക്കരുത്.”, അദ്ദേഹം ജനങ്ങളോട് ജാഗ്രത തുടരേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനായി മഹാമാരിയുടെ ആദ്യനാളുകളിൽ വീഡിയോ ദൃശ്യത്തിലൂടെ പങ്ക് വെച്ച മുന്നറിയിപ്പ് സന്ദേശം അൽ റാബിയ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വീണ്ടും പങ്ക് വെച്ചു. “COVID-19 ലോകമാകെ പടർന്ന് കൊണ്ടിരിക്കുകയാണ്. നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇത് നേരിടുന്നതിനായി ജനപങ്കാളിത്തം വളരെ പ്രധാനമാണ്. നിങ്ങളുടെ സഹകരണം ഈ മഹാമാരിയെ മറികടക്കുന്നതിന് വളരെ അത്യാവശ്യമാണ്.”, അദ്ദേഹം രോഗബാധ വീണ്ടും രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ ജനങ്ങളെ തന്റെ പഴയ മുന്നറിയിപ്പിനെ കുറിച്ച് ശക്തമായി ഓർമ്മപ്പെടുത്തി.