സൗദി: ഓഗസ്റ്റ് 8-ന് മുൻപായി ആദ്യ ഡോസ് വാക്സിനെടുക്കാൻ വിദ്യാർത്ഥികൾക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

Saudi Arabia

രാജ്യത്തെ 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും 2021 ഓഗസ്റ്റ് 8-ന് മുൻപായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഓഗസ്റ്റ് 29-ന് ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്താൻ ഈ നടപടി പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 5-ന് വൈകീട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 വാക്സിനിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 3 ആഴ്ച്ചയായതിനാൽ, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ 12 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 8-ന് മുൻപായി ആദ്യ ഡോസ് സ്വീകരിക്കേണ്ടതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 12 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള പ്രചാരണ പരിപാടികൾ ജൂലൈ ആദ്യ വാരം മുതൽ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഊർജ്ജിതപ്പെടുത്തിയിരുന്നു.

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റ് 1-ന് അറിയിച്ചിരുന്നു.