സൗദി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

GCC News

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികളുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 16, ഞായറാഴ്ച്ചയാണ് രാജ്യത്തെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും COVID-19 വാക്സിൻ നൽകുന്ന നടപടി ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികളുടെ ആദ്യ ഘട്ടം 2021 ഡിസംബർ 21 മുതൽ സൗദി അറേബ്യയിൽ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന കുട്ടികൾക്കാണ് വാക്സിൻ നൽകിയിരുന്നത്.

എന്നാൽ 2022 ജനുവരി 16 മുതൽ ഈ പ്രായവിഭാഗക്കാർക്കുള്ള വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിനും, ഈ പ്രായവിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേർക്കും വാക്സിൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് നടപടികൾ തുറന്ന് കൊടുക്കുന്നതിനും ആവശ്യമായ നടപടികൾ സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന കുട്ടികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മന്ത്രാലയം വാക്സിനേഷൻ നടപടികൾ വിപുലീകരിച്ചിട്ടുള്ളത്.