രാജ്യത്ത് പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 15, ഞായറാഴ്ച്ച നടന്ന പത്രസമ്മേളനത്തിൽ സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ ലാബുകളിൽ നടത്തിയ ജനിതക പരിശോധനകളിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗ വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മഹാമാരിയുടെ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ള ഈ വകഭേദം കൂടുതൽ പേരിലേക്ക് രോഗബാധ ഉണ്ടാക്കുന്നതിന് സാധ്യതയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
18 വയസിന് മുകളിൽ പ്രായമുള്ളവരോട് എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് എല്ലാ തരം വൈറസ് വകഭേദങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിരോധ ശേഷിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.