ജിദ്ദയിലെ പുതിയ COVID-19 വാക്സിനേഷൻ കേന്ദ്രം സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ജൂലൈ 9-ന് ഉദ്‌ഘാടനം ചെയ്തു. ജിദ്ദയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഫൈസൽ സ്റ്റേഡിയത്തിലാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
ജിദ്ദ ഹെൽത്ത് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. മെഷാൽ അൽ സയാലി, ആരോഗ്യ മേഖലയിലെ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. രാജ്യത്ത് കൊറോണ വൈറസ് വാക്സിൻ സ്വീകരിക്കുന്നതിനായി ‘Sehhaty’ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷനിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
കൂടുതൽ പേർക്ക് ഒരേസമയം വാക്സിൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഈ വാക്സിനേഷൻ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ള 60 ക്ലിനിക്കുകളിൽ നിന്നായി പ്രതിദിനം 15000 പേർക്ക് വരെ വാക്സിൻ കുത്തിവെപ്പുകൾ നൽകാവുന്നതാണ്.