COVID-19 രോഗമുക്തരായവർക്ക് ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ നൽകുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. COVID-19 രോഗബാധയേറ്റ ശേഷം രോഗമുക്തരായവർക്ക്, രോഗമുക്തി നേടി ആറ് മാസത്തിന് ശേഷമാണ് ഈ ഒറ്റ ഡോസ് വാക്സിൻ നൽകാൻ നിർദ്ദേശിച്ചിട്ടുള്ളത്.
നാഷണൽ സയന്റിഫിക്ക് കമ്മിറ്റി ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് ഇത് സംബന്ധിച്ച അംഗീകാരം നൽകിയതിനെത്തുടർന്നാണ് ആരോഗ്യ മന്ത്രാലയം ഈ നിർദ്ദേശം നൽകിയത്. രോഗമുക്തരായവർക്ക് ഓരോ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് കമ്മിറ്റി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരക്കാരിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഒരു ബൂസ്റ്റർ ഡോസ് എന്ന നിലയിലാണ് ഈ ഒറ്റ ഡോസ് കുത്തിവെപ്പ് നൽകുന്നത്.
അതേസമയം, രാജ്യത്ത് ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനും, ഉപയോഗിക്കുന്നതിനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.