കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി, രാജ്യത്ത് ദിനംപ്രതി രേഖപ്പെടുത്തുന്ന കൊറോണ ബാധിതരുടെ എണ്ണം സ്ഥിരത കൈവരിച്ചതായും, നിയന്ത്രണ വിധേയമായതായും സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദെൽ അലി വ്യക്തമാക്കി. ഗുരുതരമായ സ്ഥിതിയിലുള്ള കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.5 ശതമാനം കുറവ് അനുഭവപ്പെടുന്നതായും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.
“കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ രാജ്യത്തെ COVID-19 കേസുകളുടെ എണ്ണത്തിൽ സ്ഥിരതയും, നിയന്ത്രണവും പ്രകടമാണ്”, അബ്ദെൽ അലി അറിയിച്ചു. സൗദിയിൽ ദിനംപ്രതി രോഗബാധ കണ്ടെത്തുന്നുണ്ടെങ്കിലും, ആകെ കേസുകൾ വർദ്ധിക്കുന്നതിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി അറേബ്യയിൽ 2692 പേർക്കാണ് ജൂലൈ 14-നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 237803 പേർക്ക് COVID-19 ബാധ കണ്ടെത്തിയിട്ടുണ്ട് ഇതിൽ 177560 പേർ രോഗമുക്തി നേടി. ജി സി സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത് സൗദിയിൽ നിന്നാണെങ്കിലും, രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഏതാണ്ട് 75 ശതമാനത്തോളം പേർ ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ട്.