ആരോഗ്യ പ്രശ്‌നങ്ങളുള്ളവരോട് ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി MoH ആഹ്വാനം ചെയ്‌തു

GCC News

വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ ഉംറ തീർത്ഥാടനം നീട്ടി വെയ്ക്കാൻ സൗദി ആരോഗ്യ മന്ത്രാലയം (MoH) ആഹ്വാനം ചെയ്‌തു. ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് COVID-19 രോഗബാധയേൽക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഒക്ടോബർ 12, തിങ്കളാഴ്ച്ച MoH ഇത്തരത്തിൽ ഒരു അറിയിപ്പ് പുറത്തിറക്കിയത്.

താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവരോടാണ് സൗദി MoH തീർത്ഥാടനം നീട്ടി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

  • ഗർഭിണികളായ സ്ത്രീകൾ.
  • കഴിഞ്ഞ ആറു മാസത്തിനിടയിൽ നിയന്ത്രിക്കാനാവാത്ത രീതിയിൽ പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, അമിതവണ്ണം, കരൾവീക്കം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലം ആശുപത്രി ചികിത്സ നേടിയവർ തീർത്ഥാടനം നീട്ടി വെക്കേണ്ടതാണ്.
  • ഹൃദയസംബന്ധിയായ അസുഖങ്ങൾ, രോഗപ്രതിരോധ ശേഷിയിലെ കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഹോസ്പിറ്റൽ ചികിത്സ ആവശ്യമായി വന്നവരോടും തങ്ങളുടെ തീർത്ഥാടനം നീട്ടി വെക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.