രാജ്യത്തെ പൗരന്മാരും, നിവാസികളും ഉൾപ്പടെയുള്ളവർ ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ-അലിയാണ് ഇക്കാര്യം അറിയിച്ചത്.
ഇൻഫ്ലുവെൻസ രോഗബാധ തടയുന്നതിനും, ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ വാക്സിൻ ഫലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പകർച്ചപ്പനി വ്യാപിക്കുന്നത് മൂലം രാജ്യത്തെ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് വാക്സിൻ സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലൂ വാക്സിൻ എൺപത് ശതമാനത്തോളം ഫലപ്രദമാണെന്ന് അദ്ദേഹം അറിയിച്ചു. വാക്സിനെടുത്തവരിൽ ഇൻഫ്ലുവെൻസ രോഗബാധ ഉണ്ടാക്കുന്ന ദൂഷ്യങ്ങളുടെ കാഠിന്യം വളരെയധികം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്ലൂ വാക്സിൻ ‘Sehhaty’ ആപ്പ് ഉപയോഗിച്ച് കൊണ്ട് ബുക്ക് ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ സൗദി അറേബ്യയിൽ ഇൻഫ്ലുവെൻസ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് പ്രകടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ രോഗബാധയെ നിസാരമായി കരുതരുതെന്നും, മറ്റു ആരോഗ്യ പ്രശ്‍നങ്ങളുള്ളവരിൽ ഈ രോഗബാധ കൂടുതൽ ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളിലേക്ക് വഴിതെളിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികളായ സ്ത്രീകൾ, പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരക്കേറിയ പൊതു ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, കൈകളുടെ ശുചിത്വം കർശനമായി പാലിക്കാനും, കണ്ണ്, മൂക്ക് വായ എന്നിവിടങ്ങളിൽ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കാനും, മാസ്കുകൾ ഉപയോഗിക്കാനും, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.