സൗദി: ബലിപെരുന്നാൾ ആഘോഷവേളയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

GCC News

ബലിപ്പെരുന്നാൾ വേളയിൽ, രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയാനായി ഏർപെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തിനോട് നിർദ്ദേശിച്ചു. ആഘോഷ വേളയിലും സമൂഹ അകലം, കൈകളുടെ ശുചിത്വം, മാസ്കുകളുടെ ഉപയോഗം മുതലായ സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചകൾ വരുത്തരുതെന്ന് മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി.

“ഈദുൽ അദ്‌ഹ വേളയിൽ സാമൂഹികമായും, കുടുംബങ്ങൾക്കിടയിലും ഒത്തുചേരുന്നതിനും, ആഘോഷങ്ങൾക്കും നിരവധി അവസരങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഈ വർഷം സമൂഹ അകലം എന്ന മുൻകരുതൽ ഈ ആഘോഷവേളയിലുടനീളം മറക്കാതെ നടപ്പിലാക്കണം.”, ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിനായി, എല്ലാ സമ്പർക്കങ്ങളും സുരക്ഷിതവും, ആരോഗ്യപരവും, സുരക്ഷാ മുൻകരുതലുകൾക്ക് ഊന്നൽ നൽകിയതുമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“കൈകൾ നിരന്തരം ശുചിയാക്കുന്നതും, മാസ്കുകൾ ഉപയോഗിക്കുന്നതും ആഘോഷങ്ങളുടെ പകിട്ട് നഷ്ടപ്പെടുത്തില്ല. അമ്പതു പേരിലധികം ഒത്തുകൂടുന്ന എല്ലാ സഹചര്യങ്ങളും ഒഴിവാക്കണം. നമ്മുക്ക് ചുറ്റുമുള്ളവരെല്ലാം സുരക്ഷിതരും, സന്തോഷവാന്മാരുമാണെന്ന് ഉറപ്പാക്കാം.”, അൽ അലി ആഹ്വാനം ചെയ്തു.