COVID-19 ചികിത്സ എന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

കൊറോണ വൈറസ് രോഗബാധയ്ക്കുള്ള ചികിത്സയുടേതെന്ന രീതിയിൽ, ഒരു സൗദി ഡോക്ടർ ഓൺലൈനിലൂടെ പങ്ക് വെച്ച ദൃശ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

വിവിധ സസ്യങ്ങളിൽ നിന്നുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് കൊണ്ട് COVID-19 ചികിത്സയ്ക്കുള്ള മരുന്ന് കണ്ടെത്തിയെന്ന് ഒരു സൗദി ഡോക്ടർ അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ മരുന്ന് കൃത്യമായി ക്ലിനിക്കൽ പരിശോധനകൾ നടത്തിയെന്നും, ഇതിനായുള്ള അനുവാദം തനിക്ക് ലഭിച്ചിരുന്നെന്നും ഈ ഡോക്ടർ തന്റെ വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.

“സൗദിയിൽ ഇത്തരം പരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും, അവ നടപ്പിലാക്കുന്നതിനു ഉത്തരവാദിത്വമുള്ള വകുപ്പുകളും നിലവിലുണ്ട്. ശാസ്ത്രീയ അടിത്തറയുള്ള കണ്ടെത്തലുകൾ പഠനവിധേയമാക്കുന്നതിനും, ആവശ്യമായ അംഗീകാരം നൽകുന്നതിനും കൃത്യമായ വ്യവസ്ഥകൾ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഇവ ലംഘിച്ച് കൊണ്ട് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുന്നതാണ്.”, ഈ വീഡിയോയിലെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഡോ. അൽ അലി വ്യക്തമാക്കി. ഇത്തരം ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാ രീതികളും, ഊഹാപോഹങ്ങളും സമൂഹത്തിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.