രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഏതാനം നിയന്ത്രണങ്ങളിൽ മാർച്ച് 7, ഞായറാഴ്ച്ച മുതൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് ആറിനാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗദിയിലെ വാണിജ്യ, വിനോദ മേഖലകളിലെ ഏതാനം പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഞായറാഴ്ച്ച മുതൽ ഇളവ് നൽകുന്നത്. ഇതിന്റെ ഭാഗമായി സൗദിയിലെ സിനിമാശാലകൾ, ജിം, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, സ്പോർട്സ് സെന്ററുകൾ, ഷോപ്പിംഗ് മാളുകൾ റെസ്റ്ററന്റുകൾ മുതലായവയുടെ പ്രവർത്തനം മാർച്ച് 7 മുതൽ പുനരാരംഭിക്കുന്നതാണ്.
വൈറസ് വ്യാപനം തടയുന്നതിനായി 2021 ഫെബ്രുവരി 3 മുതലാണ് ഈ മേഖലകളിൽ സൗദി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി ഫെബ്രുവരി 14-ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് ഇപ്പോൾ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതിനാലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു തീരുമാനം കൈകൊണ്ടിട്ടുള്ളത്.
എന്നാൽ ആഘോഷ പരിപാടികൾ, സാമൂഹിക ചടങ്ങുകൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം, കോർപ്പറേറ്റ് മീറ്റിംഗുകൾ, മറ്റു ആഘോഷങ്ങൾ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. അനുവാദം നൽകിയിട്ടുള്ള സാമൂഹിക ചടങ്ങുകളിൽ പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്.
ജനങ്ങളോട് ജാഗ്രത തുടരാനും, ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.