50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ഒത്തു ചേരലുകൾ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ പ്രകാരം നിയമ ലംഘനങ്ങളായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഡിസംബർ 19-ന് സമൂഹത്തെ ഓർമ്മപ്പെടുത്തി. ഒരേ കുടുംബാംഗങ്ങളല്ലാതെയുള്ള മറ്റു ഒത്ത് ചേരലുകൾക്കാണ് ഈ നിബന്ധന ബാധകമാകുന്നത്. ഇത്തരം ഒത്ത് ചേരലുകൾ സംഘടിപ്പിക്കുന്നതും, അവയിൽ പങ്കെടുക്കുന്നതും നിയമലംഘനമാണ്.
വീടുകൾ, വിശ്രമയിടങ്ങൾ, കൃഷിയിടങ്ങൾ, ക്യാമ്പുകൾ, തുറന്ന പ്രദേശങ്ങൾ മുതലായ ഇടങ്ങളിൽ 50 പേരിൽ കൂടുതൽ ഒത്തുചേരുന്ന എല്ലാ ചടങ്ങുകൾക്കും ലഭിക്കുന്ന ശിക്ഷാ നടപടികളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 15000 റിയാൽ പിഴ ചുമത്തുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവയിൽ പങ്കെടുക്കുന്നവർക്ക് 5000 റിയാൽ വീതം പിഴ ചുമത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്ന അവസരത്തിൽ സംഘാടകർക്ക് 30000 റിയാൽ പിഴ ചുമത്തുന്നതാണ്. നിയമം ലംഘിച്ച് കൊണ്ടുള്ള ഇത്തരം ഒത്തുചേരലുകളിൽ രണ്ടാമതും പിടിക്കപ്പെടുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുന്നതാണ്. മൂന്നാമതും ഇത്തരം നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയോടൊപ്പം പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾ ആദ്യ തവണ മൂന്ന് മാസത്തേക്കും, രണ്ടാം തവണ ആറ് മാസത്തേക്കും അടച്ച് പൂട്ടുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.