COVID-19 സാഹചര്യത്തിൽ, സമൂഹ സുരക്ഷ മുൻനിർത്തി, സാമൂഹിക ഒത്തുചേരലുകൾക്ക് രാജ്യത്തേർപ്പെടുത്തിയിട്ടുള്ള വിലക്കുകളെ കുറിച്ച് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. അമ്പത് പേരിൽ കൂടുതൽ ഒത്തുചേരുന്ന ചടങ്ങുകൾ നിയമലംഘനമായി കണക്കാക്കുമെന്ന് ആവർത്തിച്ച മന്ത്രാലയം, ഇത്തരം ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ശിക്ഷാ നടപടികളെക്കുറിച്ചും ഓർമ്മപ്പെടുത്തി.
അമ്പത് പേരിൽ കൂടുതൽ പങ്കെടുക്കുന്ന ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹിക ഒത്തുചേരലുകൾ എന്നിവ സൗദിയിലെ COVID-19 പ്രതിരോധ നടപടികളുടെ ലംഘനമായി കണക്കാക്കുന്നതാണ്. ഇത്തരം ലംഘനങ്ങൾക്ക് താഴെ പറയുന്ന പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു.
- നിയമം ലംഘിച്ച് കൊണ്ട് 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകൾ, ഒത്ത് ചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 40000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും, പൊതുഇടങ്ങളിലും മറ്റും ആൾത്തിരക്ക് ഉണ്ടാക്കുന്നവർക്കും 5000 റിയാൽ പിഴ ചുമത്തുന്നതാണ്.
- ഇത്തരം ലംഘനങ്ങൾ രണ്ടാമതും ആവർത്തിച്ച് കൊണ്ട് ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിന് രണ്ടാമതും പിടിക്കപ്പെടുന്നവർക്ക് 10000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
- മൂന്നാമതും ഇത്തരം ലംഘനങ്ങൾ തുടരുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതും, ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നതുമാണ്.
- ഇത്തരത്തിൽ നിയമം ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ മൂന്ന് മാസത്തേക്ക് അടപ്പിക്കുന്നതാണ്. രണ്ടാമതും ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ ആറ് മാസത്തേക്ക് അടപ്പിക്കുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവരോട് താഴെ പറയുന്ന നമ്പറുകളിൽ ആ വിവരം അധികൃതരുമായി പങ്ക് വെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
- മക്ക, റിയാദ് എന്നിവിടങ്ങളിൽ – 911 എന്ന നമ്പറിൽ
- മറ്റു ഇടങ്ങളിൽ – 999 എന്ന നമ്പറിൽ