നിലവിലെ സാഹചര്യത്തിൽ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ലംഘിച്ച് കൊണ്ട് സാമൂഹിക ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് ആവർത്തിച്ചു. ജനുവരി 18-ന് വൈകീട്ട് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ, സൗദിയിൽ നിലവിലെ COVID-19 സാഹചര്യത്തിൽ, സമൂഹ സുരക്ഷ മുൻനിർത്തി, അമ്പത് പേരിൽ കൂടുതൽ ഒത്തുചേരുന്ന ചടങ്ങുകൾ നിയമലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം ആവർത്തിച്ചു.
അമ്പത് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, മരണാനന്തര ചടങ്ങുകൾ, കുടുംബസംഗമങ്ങൾ, മറ്റു സാമൂഹിക ഒത്തുചേരലുകൾ എന്നിവ സൗദിയിലെ COVID-19 പ്രതിരോധ നടപടികളുടെ ലംഘനമായി കണക്കാക്കുന്നതാണ്. ഇത്തരം ലംഘനങ്ങൾക്ക് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളെക്കുറിച്ചും മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി.
- നിയമം ലംഘിച്ച് കൊണ്ട് 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകൾ, ഒത്ത് ചേരലുകൾ എന്നിവ സംഘടിപ്പിക്കുന്നവർക്ക് 40000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കും, പൊതുഇടങ്ങളിലും മറ്റും ആൾത്തിരക്ക് ഉണ്ടാക്കുന്നവർക്കും 5000 റിയാൽ പിഴ ചുമത്തുന്നതാണ്.
- ഇത്തരം ലംഘനങ്ങൾ രണ്ടാമതും ആവർത്തിച്ച് കൊണ്ട് ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുന്നതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തതിന് രണ്ടാമതും പിടിക്കപ്പെടുന്നവർക്ക് 10000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
- മൂന്നാമതും ഇത്തരം ലംഘനങ്ങൾ തുടരുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതും, ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നതുമാണ്.
- ഇത്തരത്തിൽ നിയമം ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ മൂന്ന് മാസത്തേക്ക് അടപ്പിക്കുന്നതാണ്. രണ്ടാമതും ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ ആറ് മാസത്തേക്ക് അടപ്പിക്കുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവരോട് താഴെ പറയുന്ന നമ്പറുകളിൽ ആ വിവരം അധികൃതരുമായി പങ്ക് വെക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
- മക്ക, റിയാദ് എന്നിവിടങ്ങളിൽ – 911 എന്ന നമ്പറിൽ
- മറ്റു ഇടങ്ങളിൽ – 999 എന്ന നമ്പറിൽ
ജനുവരി 10 മുതൽ 16 വരെയുള്ള ഒരാഴ്ച്ച കാലയളവിൽ മാത്രം 20502 പേർക്കെതിരെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾക്ക് നടപടി എടുത്തതായും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.