2021 ജനുവരിയിൽ സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന നാല്പത്തിമൂന്നാമത് ഡാക്കർ റാലിയോടനുബന്ധിച്ച് സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനുമായി ചേർന്നാണ് സൗദിയിൽ ഡാക്കർ റാലി സംഘടിപ്പിക്കുന്നത്.
അഞ്ച് പ്രത്യേക സ്റ്റാമ്പുകളും, ഒരു പ്രത്യേക പോസ്റ്റുകാർഡുമാണ് സൗദി പോസ്റ്റ് 2021 ഡാക്കർ റാലിയോടനുബന്ധിച്ച് പുറത്തിറക്കുന്നത്. ഡാക്കർ റാലിയിൽ നിന്നുള്ള വിവിധ ദൃശ്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്റ്റാമ്പുകൾക്ക് 3 റിയാലാണ് വിലയിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങളോടൊപ്പം സൗദിയിൽ വെച്ച് നടന്ന 2020 ഡാക്കർ റാലിയുടെ ചിഹ്നവും സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
പ്രത്യേക ഡാക്കർ റാലി പോസ്റ്റ്കാർഡിന് 5 റിയാലാണ് വിലയിട്ടിരിക്കുന്നത്. ഇതിൽ ഡാക്കർ റാലിയിൽ നിന്നുള്ള ദൃശ്യത്തോടൊപ്പം സൗദിയിൽ വെച്ച് നടക്കുന്ന റാലിയുടെ റൂട്ട് മാപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
2021 ജനുവരി 3 മുതൽ 15 വരെയാണ് നാല്പത്തിമൂന്നാമത് ഡാക്കർ റാലി സൗദിയിൽ വെച്ച് നടത്തുന്നത്. 2020-ലെ ഡാക്കർ റാലിയും സൗദിയിൽ വെച്ചാണ് നടത്തിയത്. 2020-ലെ ഡാക്കർ റാലി ജനുവരി 5 മുതൽ 17 വരെയാണ് നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50-തോളം ഡ്രൈവർമാർ ഇതിൽ പങ്കെടുത്തു.
ഇത് രണ്ടാം തവണയാണ് ഡാക്കർ റാലി സൗദിയിൽ വെച്ച് നടത്തുന്നത്. 14 ദിവസം നീണ്ട് നിൽക്കുന്ന 2021 ഡാക്കർ റാലി ജിദ്ദയിൽ നിന്ന് ആരംഭിച്ച് ചെങ്കടലിന്റെ തീരങ്ങളിലുള്ള മരുഭൂമിയിലെ പാതകളിലൂടെ തിരികെ ജിദ്ദയിലേക്ക് മടങ്ങുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. സൗദിയ്ക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിച്ചിരുന്ന 2021 ഡാക്കർ റാലി COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും സൗദിയിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു.