സൗദി അറേബ്യ: ഡിജിറ്റൽ സിഗ്നേച്ചർ സംബന്ധിച്ച തിരിമറികൾ നടത്തുന്നവർക്ക് തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കും

GCC News

രാജ്യത്ത് ഡിജിറ്റൽ സിഗ്നേച്ചർ സംബന്ധിച്ച തിരിമറികൾ നടത്തുന്നവർക്ക് തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 16-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഇലക്ട്രോണിക് സിഗ്നേച്ചർ, ഡിജിറ്റൽ രേഖകൾ, ഡിജിറ്റൽ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിർമ്മിക്കുന്നവർക്കും, ഇവയിൽ തിരിമറി നടത്തുന്നവർക്കും, ഇത്തരം രേഖകൾ വ്യാജമാണെന്ന് അറിഞ്ഞ് കൊണ്ട് അവ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്കും എതിരെ കൈക്കൊള്ളാവുന്ന നിയമനടപടികൾ സൗദി പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും, അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഇത്തരം തട്ടിപ്പുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, കമ്പ്യൂട്ടർ സംവിധാനങ്ങൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എന്നിവ പിടിച്ചെടുക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഇത്തരം തിരിമറികൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ വിവരങ്ങൾ, ഇവർക്കെതിരെയുള്ള വിധിപ്രസ്താവം സംബന്ധിച്ച വിവരങ്ങൾ എന്നിവ അപരാധിയായ വ്യക്തിയുടെ സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളും അധികൃതർ ഇതോടൊപ്പം സ്വീകരിക്കുന്നതാണ്. രാജ്യത്തെ ഇലക്ട്രോണിക് വ്യവഹാരങ്ങളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും, ഇത്തരം ഇടപാടുകളിൽ പങ്കാളികളാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം ശിക്ഷാ നടപടികളെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട എല്ലാ തരം തിരിമറികളും സൗദി അറേബ്യയിൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഇത്തരം തിരിമറികൾക്ക് പിടിക്കപ്പെടുന്നവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.