അധികൃതരിൽ നിന്നുള്ള അനുമതിയില്ലാതെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രഹസ്യ സ്വഭാവമുള്ള രേഖകൾ, രഹസ്യ വിവരങ്ങൾ മുതലായവ പൊതുസമൂഹത്തിന് മുൻപിൽ പങ്ക് വെക്കുന്നത് രാജ്യത്ത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് സൗദിയിൽ 20 വർഷം വരെ തടവും, ഒരു ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പ്രകാരം ഇത്തരം സ്വഭാവമുള്ള രേഖകളും, വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതും, വെളിപ്പെടുത്തുന്നതും നിരോധിച്ചിട്ടുണ്ട്.
സൗദി നിയമങ്ങൾ പ്രകാരം താഴെ പറയുന്ന രീതിയിലുള്ള എല്ലാ തരം വിവരങ്ങളും, രേഖകളും രഹസ്യ സ്വഭാവമുള്ള വിവരങ്ങളായി കണക്കാക്കുന്നതാണ്:
- ബിസിനസ്സ് സംബന്ധമായ എല്ലാത്തരം വിവരങ്ങളും.
- സാങ്കേതിക വിവരങ്ങൾ.
- സാമ്പത്തിക വിവരങ്ങൾ.
- ഭരണസംബന്ധമായ വിവരങ്ങൾ.
- നിയമസംബന്ധിയായ രേഖകൾ.