രാജ്യത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പരിശുദ്ധിയ്ക്ക് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദിയിലെ പൗരന്മാർക്കും, പ്രവാസികൾക്കും അവരുടെ അവകാശങ്ങളുണ്ടെന്നും, രാജ്യത്തെ നിയമങ്ങൾ അവരുടെ സ്വകാര്യത സംബന്ധിച്ച അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് കടന്ന് കയറുന്നതിനും ആർക്കും അവകാശമില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും, കാമറകൾ ഉൾപ്പെടുന്ന മൊബൈൽ ഫോണുകളിലൂടെയും മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന എല്ലാത്തരം പ്രവർത്തികളും ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ സ്വകാര്യത ഹനിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ശിക്ഷയായി ഒരു വർഷം വരെ തടവും, അഞ്ച് ലക്ഷം റിയാൽ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.