സൗദി: സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ വരെ പിഴ ചുമത്തും

Saudi Arabia

രാജ്യത്ത് സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്തു കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും, മറ്റുള്ളവരുടെ അന്തസ്സിന് കോട്ടം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഒരു വർഷം തടവും, അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് കൊണ്ട് മറ്റുള്ളവർക്ക് ദ്രോഹം, അധിക്ഷേപം എന്നിവയ്ക്കിടയാക്കുന്ന പ്രവർത്തികളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നും പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഫോട്ടോ എടുക്കുക, അപകീര്‍ത്തി വരുത്തുന്ന പ്രവർത്തികൾ ചെയ്യുക, പൊതു സദാചാരത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്യുക, അത്തരം കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ തൊഴിലിടങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി കണക്കാക്കുന്നതാണ്.

ഫോൺ ക്യാമറകൾ ദുരുപയോഗം ചെയ്യുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത വ്യക്തികളാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെങ്കിൽ, അവർക്കെതിരെ രാജ്യത്തെ ജുവനൈൽ നിയമങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.